കാച്ചിക്കുപ്പായിത്തിന് നിറം പകര്‍ന്ന ജീവിതം
കാച്ചിക്കുപ്പായം എന്നു കേള്‍ക്കുന്വോള്‍ മലബാറിന്റെ മാപ്പിളതനിമയുടെ പഴയകാലമാണ് നമ്മുടെ ഓര്‍മ്മയിലെത്തുക. കല്യാണരാവുകളെയും മറ്റു ആഘോഷ വേളകളേയും ധന്യമാക്കിയ വസ്ത്രമാണ് കാച്ചി. മലബാറിലെ മുസ്ലിം സ്ത്രീകളാണ് പരമ്പരാഗതമായി കാച്ചി വസ്ത്രങ്ങള്‍ ധരിച്ചുവരുന്നത്.
കാതില്‍ വലിയ ചിറ്റണിഞ്ഞ് കാച്ചിയും തട്ടവും ധരിച്ച പെണ്ണുങ്ങള്‍ മലബാറിന്റെ പഴയ കാഴ്ച്ചയായിരുന്നു. അന്ന് ചെറിയകുട്ടികള്‍ മുതല്‍ പ്രായം ചെന്നവര്‍വരെ കാച്ചിയുടുക്കാറുണ്ടായുരുന്നു. ഇന്ന് വസ്ത്രസങ്കല്‍പങ്ങളെല്ലാം പാടെ മാറി കാലത്തിനനുസരിച്ചുള്ള പുതിയ മോഡലുകള്‍ വിപണിയിലെത്തിയതോടെ കാച്ചികുപ്പായത്തിനുള്ള പേരും പെരുമയും തനിമയും നഷ്ടപ്പെട്ടു. എങ്കിലും പരമ്പരാഗതമായി കാച്ചി വസ്ത്രങ്ങള്‍ ധരിച്ചുവരുന്ന പല വിഭാഗങ്ങള്‍ ഇന്നും മലബാറില്‍ ജീവിക്കുന്നുണ്ട്. മലബാറുകാരുടെ ഈ കാച്ചി വസ്ത്രത്തിന് നിറം ചാര്‍ത്തുന്നവരില്‍ പ്രധാനിയാണ് കോഴിക്കോട്ടുക്കാരന്‍ ഒളവണ്ണ സ്വദേശി പ്രഭാകരന്‍.
കാച്ചിക്കുപ്പായ നിര്‍മാണരംഗത്ത് പ്രഭാകരന്‍ കൈവെച്ചുതുടങ്ങിയിട്ട് അമ്പത് വര്‍ഷത്തിലേറെയായി. വസ്ത്രത്തിന്റെ നിര്‍മാണ രംഗത്ത് പ്രശസ്തനായിരുന്ന കാച്ചി കൃഷ്ണന്റെ കോഴിക്കോടുള്ള കമ്പനിയില്‍ തൊഴിലെടുത്താണ് പ്രഭാകരന്‍ കാച്ചി നിര്‍മാണം പഠിക്കുന്നത്. കാലങ്ങള്‍ കഴിഞ്ഞു കമ്പനി ഇല്ലാതാകുകയും പലരും പലമേഖലകളിലേക്ക് തിരിയുകയും ചെയ്ത അവസരത്തില്‍ പരമ്പരാഗതമായി താന്‍ നേടിയെടുത്ത ജോലി ഉപേക്ഷിക്കാന്‍ പ്രഭാകരനായില്ല. അദ്ദേഹം അതിന്നും തുടര്‍ന്നു കൊണ്ടിരിക്കുന്നു. കാച്ചി കുപ്പായത്തിന്റെ നിര്‍മാണത്തില്‍ മറ്റാരെങ്കിലും ഇന്ന് നിലവുലുണ്ടോ എന്ന് പ്രഭാകരണ് അറിവില്ല.
പതിനാറാം വയസ്സില്‍ തുടങ്ങിയതാണ് പ്രഭാകരന്റെ കാച്ചി നിര്‍മാണം. ആവശ്യക്കാര്‍ക്കനുസരിച്ച് ഏതിമോഡലുകളിലും പുതുമയിലും പ്രഭാകരന്‍ രൂപപ്പെടുത്തി നിറം ചാര്‍ത്തിക്കൊടുക്കും. വൈവിധ്യമാര്‍ന്ന വസ്ത്രങ്ങളും ഫാഷനുകളും കടന്നുവന്നതിനാല്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ആദ്യകാലങ്ങ കാച്ചി ധരിക്കുന്നവര്‍ ഇന്ന് കുറവാണ്. എങ്കിലും കലോല്‍സവങ്ങളിലും മറ്റു മേളകളിലും ഒപ്പന പോലെയുള്ള മാപ്പിള കലകള്‍ മുഖ്യധാരയിലേക്ക് വന്നതോടെ കാച്ചിയുടെ ആവശ്യക്കാര്‍ ആവശ്യക്കാര്‍ ഇപ്പോഴും ഏറെയാണ്.
പച്ചക്കര കാച്ചി, എത്തിനോക്കി, സൂര്യകാന്തി, പച്ചക്കാച്ചി എന്നിങ്ങനെ വ്യത്യസ്തമായ രൂപത്തിലെല്ലാം കാച്ചികളുണ്ട്. ആവശ്യക്കാരുടെ ഡിമാന്റിന് അനുസരിച്ചാണ് ഇതിന്റെ നിര്‍മാണം നടക്കുന്നത്അതിരാവിലെ തുടങ്ങുന്ന കാച്ചി നിര്‍മാണം പത്തുമണിയോടെ അവസാനിക്കും വെള്ളത്തിലും ചളിയിലും ജോലിയെടുക്കാന്‍ ഇന്ന് പലരും തയ്യാറാകാത്തത് കാരണം ഭാര്യയും മക്കളും തന്നെയാണ് കാച്ചിനിര്‍മാണത്തില്‍ പ്രഭാകരനെ സഹായിക്കാനുള്ളത്.
കോഴിക്കോട് നഗരത്തിലെ നാല് ഹോള്‍സൈല്‍ കടകളിലേക്കും മറ്റു ചില്ലറ വില്‍പ്പന കടകളിലേക്കുമാണ് ഇപ്പോള്‍ പ്രധാനമായും എത്തിച്ചുകൊടുക്കുന്നത്. കോട്ടണ്‍ തുണി ഉപയോഗിച്ചാണ് കാച്ചിമുണ്ട് ഉണ്ടാക്കുന്നത്.കടകളില്‍ 170 രൂപവരെയാണ് കാച്ചിമുണ്ടിന്റെ വില.
ഒരു ദിവസം അമ്പത് മുണ്ടുകള്‍ വരെയാണ് ഇപ്പൊള്‍ നിര്‍മിക്കുന്നത്. ആദ്യം മുണ്ടിന് ഞെറിയിട്ട് റബര്‍ഷീറ്റില്‍ പൊതിഞ്ഞ് നിറത്തില്‍ മുക്കിയെടുക്കും അതിന് ശേഷമാണ് ഇസ്തിരിയിട്ട് പാക്ക് ചെയ്താണ് വിതരണം നടത്തുന്നത്. പഴയകാലങ്ങളില്‍ ദിവസം ആയിരം കാച്ചികള്‍ നിര്‍മിച്ച ദിവസങ്ങള്‍ ഇന്നും പ്രഭാകരന്റെ ഓര്‍മയിലുണ്ട്. കേരളത്തില്‍ ഇന്നും നിലനില്‍ക്കുന്ന ഏക രാജ വംശമാണ് കണ്ണൂരിലെ അറയ്ക്കല്‍ രാജവംശം. അറക്കല്‍ തറവാട്ടിലെ അറയ്ക്കല്‍ ബീവിക്കുള്ള കാച്ചി സ്ഥിരമായി തയ്യാറാക്കുന്നത് പ്രഭാകരനാണ്
കാച്ചിധരിക്കുന്ന മലബാറുകാര്‍ ധാരാളമുണ്ടായിരുന്നെങ്കിലും ഇതിന്റെ പിന്നില്‍ ഒറ്റക്കിരുന്ന് അധ്വാനിക്കുന്ന കരങ്ങള്‍ പ്രഭാകരന്റെതാണെന്ന് പലര്‍ക്കുമറിയില്ല. ഇദ്ദേഹത്തിന്റെ പ്രായം തളര്‍ത്താത്ത മനസ്സും പരമ്പരാഗതമായി ചെയതുവരുന്ന തൊഴിലിനോടുള്ള പ്രതിബദ്ധതയും ആരെയും അത്ഭുതപ്പെടുത്തും. കിട്ടുന്ന വരുമാനം എന്തായാലും ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ത്ഥമായ സമീപനം കൊണ്ട് നമുക്ക് വിജയിക്കാനാകുമെന്ന് പ്രഭാകരന്‍ ജീവിതത്തിലൂടെ നമുക്ക് കാണിച്ചു തരുന്നുണ്ട്.
Comments
Post a Comment